Thursday, May 10, 2012

മുഖം

അവര്‍ ചില്ല് കണ്ണാടികളായിരുന്നു.
കാലം അവരെ നോക്കി ചിരിച്ചും കരഞ്ഞും നിര്‍വൃതി പൂണ്ടു.
എല്ലാം കണ്ടും എല്ലാറ്റിനും മുഖം കൊടുത്തും അവര്‍ മടുത്തു.
രക്ഷയ്ക്കായി അവര്‍ പരസ്പരം നോക്കി തങ്ങളുടെ മുഖത്തെ കൊന്നു.

Thursday, January 19, 2012

അവകാശികൾ

കേൾക്കാൻ കൂട്ടാക്കാത്ത നിലവിളികൾ
കാലത്തിന്റെ ബാക്കിപത്രം പോലെ വീണ്ടും മുഴങ്ങുമ്പോൾ,
കൂടെ എന്റെ നിശ്വാസവും കാറ്റിലമർന്നു.
എന്റെ മരണത്തിന്റെ കയ്യൊപ്പു ചാർത്തിയ ലാഭനഷ്ടങ്ങൾ
ഞാൻ നേടിയ ദേഹിയും
ഒഴിഞ്ഞുകൊടുക്കേണ്ട ദേഹവും മാത്രം.

മൂന്നാം നാൾ ഉയർത്തെണീറ്റത് എന്റെ മക്കളായിരുന്നു.
മരണത്തിന്റെ കയ്യൊപ്പ് രക്തത്താൽ മായ്ച്ച്
അവർ എന്റെ നഷ്ടത്തെ ലാഭമാക്കി.
അറവുശാലയിൽ വെട്ടിമുറിക്കപ്പെടുന്നതിനായി
എന്റെ ശരീരം കാത്തുകിടക്കുമ്പോൾ
പാപത്തിന്റെ പങ്ക് അവർ പരസ്പരം വീതിച്ചെടുത്തു.

ഉടഞ്ഞു തകർന്നത് തലമുറകളുടെ നിഴൽചിത്രം.
വറ്റിവരണ്ടത് വെളിച്ചത്തിന്റെ തടാകം.
ഇരുൾമറയിലെ കശാപ്പുശാലകളിൽ
ഇന്നും ചിന്തുന്നത് പഴമയുടെ രക്തം,
അറത്തുമാറ്റുന്നത് നന്മയുടെ മാംസം.

ഇന്നലെ മരണം എന്റെ അവകാശം മാത്രമായിരുന്നെങ്കിൽ
മാംസത്തിന്റെ ലാഭത്തിൽ ഇന്നതെന്റെ മക്കളുടേയും.
വിശപ്പിന്റെ ഉത്തരമായി എന്റെ മാംസം മാറുമെങ്കിൽ
മരണത്തിന്റെ നാളത്തെ അവകാശികൾ എന്റെ ചെറുമക്കളാണു.

Friday, January 13, 2012

ഇൻഡ്യൻ റുപ്പീ : വില അർഹിക്കുന്ന ചിത്രം


മറ്റൊരു രഞ്ജിത്ത്‌ ചിത്രം കൂടി. ഇങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ ആ ചിത്രത്തോട്‌ പൂർണ്ണമായി നീതി പുലർത്തുവാൻ കഴിഞ്ഞെന്നു വരില്ല. കാരണം താൻ തന്നെ മലയാള സിനിമയിൽ സൃഷ്ടിച്ചെടുത്ത ഒരു കാഴ്ചാ സംസ്കാരത്തോട്‌ മടുപ്പ്‌ തോന്നി മറ്റൊരു വഴിയേ സഞ്ചരിക്കാൻ തീരുമാനമെടുത്ത്‌ ആ വഴിയേ മലയാളിയെ എങ്ങനെ സിനിമ കാണിക്കാം എന്നറിയിച്ചു തന്ന സംവിധായകന്റെ പ്രതിഭ തൊട്ടറിഞ്ഞ ചിത്രം എന്നു വേണം ഇതിനെ വിശേഷിപ്പിക്കുവാൻ. രഞ്ജിത്ത്‌ വീശിയ മാറ്റത്തിന്റെ കാറ്റ്‌ കയ്യൊപ്പ്‌ മുതൽ ഇന്നിപ്പോൾ ഇൻഡ്യൻ റുപ്പീ വരെ എത്തിനില്ക്കുമ്പോൾ ഉത്തമമായ കഥാപാത്ര സൃഷ്ടിയുടെ ഉദാഹരണങ്ങളും മുന്നിൽ തെളിയുന്നു. കയ്യൊപ്പിലെ ബാലചന്ദ്രനെ പോലെ,പ്രാഞ്ചിയേട്ടനെ പോലെ ജയപ്രകാശും നമ്മുടെ നാട്ടിൻപുറത്തെവിടെയോ കണ്ട്മുട്ടാവുന്ന ഒരു സാധാരണക്കാരന്റെ പരിച്ഛേദമാണു. കാശുണ്ടാക്കുവാൻ വേണ്ടി കറങ്ങി തിരിഞ്ഞ്‌ തെറ്റുകളിലേക്ക്‌ തെന്നി വീഴുന്ന യുവത്വത്തിന്റെ ഉദാഹരണമായി ജെ.പി. ചുറ്റും അയാളെ ആശ്രയിക്കുന്ന കുടുംബം, സുഹൃത്ത്‌, അയാൾ ആശ്രയിക്കുന്ന ചില ആളുകൾ. പുറമേ യാദൃശ്ചികമായി ജെ.പി യുടെ ജീവിതത്തിലെത്തി അയാൾക്ക്‌ വഴികാട്ടിയാവുന്ന ആച്യുതമേനോൻ എന്ന കഥാപാത്രം. ഇതെല്ലാം കൂട്ടിവായിച്ചാൽ ഇൻഡ്യൻ റുപ്പീ എന്ന ചിത്രത്തിന്റെ ഒരാകെ രൂപം തെളിയും. ഈ കണ്ണികൾ കൂട്ടിയോജിപ്പിക്കുന്നതിൽ രഞ്ജിത്തിന്റെ തൂലിക പ്രകടിപ്പിച്ച അനുഭവപരിജ്ഞാനം പ്രകടമാണു.

ഇനി അഭിനയത്തിലേക്ക്‌...സോഷ്യൽ നെറ്റ്‌ വർക്കിങ്ങ്‌ സൈറ്റുകളിൽ രായപ്പനെ ആയുധമാക്കുന്ന എന്റെ സുഹൃത്തുക്കൾ ഇനി വായിക്കേണ്ടതില്ല.(ഇഷ്ടപ്പെട്ടില്ലെങ്കിലോ..??) കാരണം പൃഥ്വിരാജ്‌ എന്ന നടൻ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അഭിനയം ഈ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നു.പൃഥ്വിരാജ്‌ എന്ന നടനെ മെനഞ്ഞെടുത്ത രഞ്ജിത്ത്‌ തന്റെ മറ്റൊരു മികച്ച കഥാപാത്രത്തെ അയാളിൽ വിശ്വസിച്ച്‌ ഏല്പ്പിച്ചപ്പോൾ അത്‌ തെറ്റായിപ്പോയില്ലെന്നും മികച്ച ഒരു ഗുരുദക്ഷിണയാണിതെന്നും തെളിയിച്ചിരിക്കുന്നു. റിമ കല്ലിങ്കൽ തന്നിലേല്പ്പിച്ച കഥാപാത്രത്തെ തെറ്റല്ലാത്ത രീതിയിൽ മികവുറ്റതാക്കാൻ ശ്രമിച്ചിട്ടുണ്ട്‌. ഒരു മുഴുനീള കഥാപത്രത്തെ അവതരിപ്പിക്കുവാൻ കിട്ടിയ അവസരം ടിനി ടോമും അത്യാവശം നന്നായി ഉപയോഗിച്ചു. ഇവരെക്കൂടാതെ മികച്ച അഭിനയം കാഴ്ചവച്ച ജഗതി ശ്രീകുമാർ, മാമുക്കോയ, രേവതി എന്നിവരും പ്രശംസ അർഹിക്കുന്നു. അപ്പോൾ അച്യുതമേനോൻ..?? ഇതാവും നിങ്ങൾ ചിന്തിക്കുന്നത്‌. പറയാതെ വിട്ടതല്ല...പറയാൻ വാക്കുകളില്ല. കാരണം തിയേറ്റർ വിട്ടിറങ്ങിയാലും ഈ ചിത്രം നിങ്ങളുടെ മനസ്സിൽ തങ്ങി നില്പ്പുണ്ടെങ്കിൽ അതിനു മുഖ്യമായ കാരണം തിലകൻ എന്ന അതുല്യ പ്രതിഭയുടെ അതിഗംഭീരമായ ഒരു തിരിച്ചുവരവിനു നിങ്ങൾ സാക്ഷ്യം വഹിച്ചു എന്നതു കൊണ്ടായിരിക്കണം.

ചില പരീക്ഷണങ്ങൾ അങ്ങിങ്ങ്‌ പ്രകടമാണു. ഛായാഗ്രാഹകൻ എസ്. കുമാർ തന്റെ ക്യാമറ കൊണ്ട് തിരക്കഥയ്ക്കഭിമുഖമായി മറ്റൊരു കഥ പറയാൻ ശ്രമിച്ചിട്ടുണ്ടെന്നു തോന്നിപ്പോകുന്നു. യുവഛായാഗ്രാഹകർ ഒരുക്കാൻ ശ്രമിച്ചു ചീറ്റിപ്പോകുന്ന ചില ഫ്രെയിമുകൾ കുമാർ അതേപടി അനുകരിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഷഹബാസ് അമൻ തന്റെ മനോഹര ഈണങ്ങളിലൂടെ മലയാള സിനിമാ സംഗീത രംഗത്ത് സ്ഥിരമായി ഒരു സ്ഥാനം നേടുമെന്നു പ്രത്യാശിക്കാം. “ഈ പുഴയും സന്ധ്യകളും” തന്നെ ഉദാഹരണം. ഇതൊക്കെയാണെങ്കിലും ചില രംഗങ്ങളിൽ ആവശ്യമില്ലാത്ത വലിച്ചുനീട്ടൽ അനുഭവപ്പെടുന്നുണ്ട്. കഥയിലേക്ക് എത്തിചേരാൻ സമയമെടുക്കുന്നതും ഈ ചിത്രത്തിന്റെ അപാകതയായി കണക്കാക്കാം. അന്ത്യത്തിൽ ചിത്രത്തിന്റെ കഥാതന്തു ജീവിതങ്ങളെ എങ്ങനെ പിന്തുടരുന്നു എന്നു വെളിവാക്കുവാൻ സംവിധായകൻ പ്രയോഗിക്കുന്ന രീതിയും അല്പം അപക്വമായോ എന്നു സംശയിച്ചുപോകാം.

ചിത്രത്തിന്റെ പരസ്യവാക്യത്തിൽ പറയുന്നതു പോലെ “ഇവനെ 100 ദിവസമെങ്കിലും ഓടിക്കണം. അത്‌ ചിത്രത്തിന്റെ മികവു കൊണ്ട്‌ മാത്രമല്ല. തട്ടുപൊളിപ്പുകളില്ലാത്ത നല്ല കഥയുള്ള മലയാള സിനിമകളുടെ വസന്തകാലത്തിന്റെ തിരിച്ചുവരവാണു ഇപ്പോൾ സംഭവിക്കുന്ന ഈ മാറ്റം എന്നു തെളിയിക്കുവാനും വേണ്ടി.

ഈ തീരത്ത്

ഓർമ്മകളുടെ ലോകത്ത് അവൾ അതിഥിയായിരുന്നില്ല. ആ ലോകം അവൾക്കും അവകാശപ്പെട്ടതു തന്നെയായിരുന്നു. ഒരു പക്ഷേ എന്നേക്കാൾ. അതാവണം ഓർമ്മയുടെ വാതായനങ്ങൾ തുറന്ന് ഇളംതെന്നലായി അവൾ വീണ്ടും പ്രവേശിച്ചത്. കുളക്കടവിലെ പ്രപഞ്ചം നിർവികാരത കൈവിട്ട് തരളിതമാകുന്നത് എനിക്ക് അനുഭവിച്ചറിയാം. വെള്ളത്തിലേക്ക് ഞാൻ വീഴ്ത്തുന്ന ഓരോ കല്ലും ഓളങ്ങൾ സൃഷ്ടിച്ച് ആഴത്തിലേക്ക് ഊളിയിട്ട് പോകുന്നു. ആ കല്ലുകൾ പോലെയാണു ഓർമ്മകളും. അവ മനസ്സുകളിൽ ഓളം സൃഷ്ടിക്കുന്നു. ഒന്ന് മറ്റൊന്നിനെ തൊട്ട്, വീണ്ടും അത് മറ്റൊന്നിനോട് കഥ പറഞ്ഞ്. അങ്ങനെ വിടർന്ന് വിടർന്ന്...പിന്നീട് അവ ആഴങ്ങളിലേക്ക് ഒരു സഞ്ചാരമാണു.

തൊട്ടുതലോടുന്ന തെന്നൽ അവൾ തന്നെയാണു. തന്റെ ജീവനോട് വീണ്ടും ചേരാൻ ശ്രമിക്കുകയാണു. എന്റെ മടിയിലിരിക്കുന്ന പുസ്തകത്താളുകളിൽ അവൾ ഉമ്മ വയ്ക്കുന്നു. അവയ്ക്കുള്ളിലെ കവിതകൾക്കു പുനർജന്മം ലഭിക്കുന്നു. അപൂർവതയിലെ പരകായപ്രവേശത്തിൽ അവൾ പ്രകൃതിയുടെ അദൃശ്യതയിൽ നിന്ന് പ്രണയത്തിന്റെ അക്ഷരങ്ങളിലേക്ക് സന്നിവേശിച്ചു. അക്ഷരങ്ങൾ ചേർന്ന് മനുഷ്യരൂപമെടുത്തു. വീണ്ടും രൂപാന്തിരപ്പെട്ട് സ്ത്രീയായി പരിണമിച്ചു. ഒരു ഋതുഭേദത്തിനിപ്പുറം എന്റെ ചിതറിയ ജീവിതത്തെ കണ്ടെത്തി, നൂലിൽ കോർത്തെടുത്ത് നന്മയുടെ ആഭരണമാക്കി മാറ്റിയ പ്രണയിനിയുടെ രൂപം തന്നെയായിരുന്നു അവൾക്ക്.

എന്റെ കൈകളിൽ പട്ടുപോലുള്ള അവളുടെ വിരലുകൾ ഓടിനടന്നു. അവ ഭദ്രമായി എന്റെ കൈതണ്ടയിൽ മുറുകിയെന്നറിയുന്നത് തന്നെ ഓർമ്മകളുടെ ലോകത്തേക്ക് ഞങ്ങൾ യാത്ര തുടങ്ങിയ ശേഷമാണു. കാലത്തിനെ കുരുക്കിയ നൂലിഴകൾ കെട്ടുപൊട്ടുന്നതു ഞാൻ കണ്ടു. ബന്ധനങ്ങൾ ഇല്ലാതാകും വരെ യാത്ര തുടർന്നു. കാലം ഇപ്പോൾ ക്ലാസ്മുറിയുടെ നാലു ചുവരുകൾക്കുള്ളിലാണു. അവിടേയും ചുവരുകളുടെ കൂട്. വീണ്ടും പിന്നോട്ട്. കാലത്തിന്റെ യാത്ര സത്യമാണു. മുന്നോട്ടു പോകുന്നത് കൂട്ടികെട്ടലുകളിലേക്കാണു - കപടസമൂഹത്തിന്റെ, ജീർണ്ണിച്ച സംസ്കാരത്തിന്റെ. എല്ലാ കൂട്ടികെട്ടലുകളുടേയും ആരംഭം - അതായിരുന്നു ഞങ്ങളുടെ പ്രണയം. ഞങ്ങളുടെ ഇടയിൽ ആ പ്രതിഭാസം മൊട്ട് തളിർത്ത് പൂക്കൾ വിരിഞ്ഞു. അവൾ എനിക്കായി മാത്രം എഴുതിയ കവിതകൾ പ്രണയത്തിന്റെ ബിംബങ്ങളായി. പ്രണയം വിരിഞ്ഞ ഋതുവിനപ്പുറം വിരഹത്തിന്റെ ഇലപൊഴിയും കാലം ഞങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ക്ലാസ്മുറികളിൽ ഞങ്ങൾ ബന്ധിക്കപ്പെട്ടു. സമൂഹം എന്ന നീണ്ട വാക്യത്തിന്റെ അങ്ങേയറ്റത്ത് രണ്ട് ചോദ്യ ചിഹ്നങ്ങളായി. കാലം തെളിവായി മാറി. വാളിന്റെ രൂപത്തിൽ അത് ഞങ്ങളുടെ തലയ്ക്കു മേൽ നിലകൊണ്ടു. രണ്ടായിരുന്ന ശരീരങ്ങളെ അവയ്ക്ക് പിരിക്കുവാൻ സാധിച്ചു. ഒന്നായിരുന്ന മനസ്സ് പ്രണയത്തിന്റെ പ്രഭ തീക്കനലായി കാത്തുസൂക്ഷിച്ചു.

അവൾ വീണ്ടും വരികൾ കോറിയിട്ടു. കടലാസിൽ മാത്രമല്ല...എന്റെ ഹൃദയത്തിലും. അതിൽ വിരഹത്തിന്റെ വേദന മുറ്റിനിന്നിരുന്നില്ല. പകരം എന്നെന്നും കാത്തുസൂക്ഷിക്കേണ്ട ഓർമ്മകളുടെ മാധുര്യം അനുഭവപ്പെടുത്തി. ആ കവിത എനിക്കായി കൈമാറുമ്പോൾ അവളുടെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണീർ മുത്തുകളായി വരികൾക്കിടയിലൂടെ ഓടിനടന്നു.

ആ ഋതുഭേദത്തിനപ്പുറം ഇപ്പോൾ ഞാൻ ആ യാത്ര അവസാനിപ്പിക്കുന്നത് എന്റെ പ്രിയപ്പെട്ടവളുടെ മടിയിലാണു. കണ്ണുകൾ നിറയുന്നുണ്ടെന്ന് ഞാനറിഞ്ഞു. അക്ഷരങ്ങൾ രൂപമെടുത്ത സുന്ദരി എന്റെ കൈപിടിച്ച് ഭൂതകാലത്തിലേക്ക് നടത്തിയ യാത്രയുടെ കഥകേട്ട് അവൾ പുഞ്ചിരിച്ചു. പിന്നീട് ആ കണ്ണുകളും നനയുന്നത് ഞാൻ കണ്ടു. എന്നെ അവളുടെ കൈകൾ കോരിയെടുത്ത് കെട്ടിപ്പിടിച്ചു. വീണ്ടും ചുംബിച്ചു. ആ ചുംബനത്തിൽ കാലം എനിക്കായി മാറ്റിവെച്ച സ്നേഹത്തിന്റെ മറ്റൊരു അദ്ധ്യായം ഞാൻ അനുഭവിച്ചറിഞ്ഞു. വീണ്ടും എന്നെ മടിയിലേക്ക് കിടത്തി അവൾ ചോദിച്ചു,

“ ആ പെൺകുട്ടി ഇപ്പോൾ എവിടെയാണു?”

“അവൾ മറഞ്ഞു. മറ്റൊരു കാലത്തിനപ്പുറം. അദൃശ്യമായി അവളുടെ കാവ്യങ്ങൾക്കുള്ളിലേക്ക്. ആ കാവ്യങ്ങൾ അവളുടെ ജീവനുള്ള ഓർമ്മകളായി എന്റെ ഹൃദയത്തിനുള്ളിലേക്ക്.ഇതിനപ്പുറം മറ്റൊരിടത്തേക്ക്...ഇല്ല...അവൾക്ക് പോകാൻ കഴിയില്ല.”

എന്റെ ഭാര്യയുടെ കണ്ണുകളിൽ അപ്പോൾ നിറഞ്ഞ കൗതുകത്തിനു ഭാവങ്ങൾ പലതായിരുന്നു. നിഷ്കളങ്കമായ ചിരിയോടെ അവൾ തിരക്കി,

“ആ വരികൾ ഓർമ്മയില്ലേ...ഏറ്റവും പ്രിയപ്പെട്ട വരികൾ? അതെനിക്കായി ഒന്നു ചൊല്ലിക്കൂടേ..?”

“ഹൃദയത്തിൽ കോറിയിട്ടത് മായ്ക്കാനാവില്ല. അതുപോലെ തന്നെ പകർത്തുവാനും. ജീവനുള്ള ഓർമ്മയായി തന്നെ അതു നിലനില്ക്കട്ടെ. എനിക്കുള്ളിൽ അതു സുരക്ഷിതമാണു.”

അവൾ ചിരിച്ചു. കൂടെ ഞാനും.ആ ചുവരിനപ്പുറത്ത് എല്ലാം കേട്ടുകൊണ്ടു നില്ക്കുന്ന അക്ഷരങ്ങളിലെ എന്റെ പ്രണയിനിയും ചിരിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു. വീണ്ടും കുറിക്കപ്പെടേണ്ട വരികൾക്കായി എന്റെ ഹൃദയം കാത്തിരിക്കുന്നു. ഈ തീരത്ത് പ്രണയം തുടരുന്നു, ഓർമ്മകളും.

പാവം സ്വപ്നജീവികൾ

സ്വപ്നത്തിൻ നിറം കറുപ്പോ വെളുപ്പോ?
കാലത്തിൻ നിദ്രകളിൽ വീണു ഒന്നുമറിയാതെ,
ചോദിപ്പൂ ഞാൻ പ്രിയ സ്വപ്നജീവികളോട്‌,
സ്വപ്നത്തിൻ നിറമെന്ത്‌?

കറുപ്പെന്നോ വെളുപ്പെന്നോ,അവർക്കറിയില്ല.
അവ നയിക്കുന്നതെങ്ങോട്ടെന്നറിയില്ല.
കറുപ്പേതെന്നു കറുപ്പിലും,
വെളുപ്പേതെന്നു വെളുപ്പിലും,
അവർക്കൊന്നുമറിയില്ല,സ്വപ്നം കാണാനല്ലാതെ.

നിറമില്ലാത്ത കാലത്തിനു നിറവേകുവാൻ
ഞാനും കാണുന്നു എൻ സ്വപ്നം...
സ്വപ്നജീവികളില്ലാത്ത സ്വപ്നലോകം.
ഈ സ്വപ്നം കറുപ്പോ വെളുപ്പോ?

പൊളിച്ചെഴുത്ത്

സ്വയം തട്ടിത്തകർത്തൂ എൻ
സ്വപ്നങ്ങൾ തൻ പളുങ്കുപാത്രത്തെ.

ചായമാം കറുപ്പിൽ സ്നാനപ്പെടുത്തി,
ഞാൻ മെനഞ്ഞെടുത്ത വെണ്ണക്കൽ പ്രതിമയെ.

മുന്നേ നടന്നവർ പാകിയെടുത്ത വഴിതൻ മുന്നിൽ,
മറ തീർത്തു നിഷേധത്തിൻ മതിൽ കെട്ടുകൾ.

ഞാൻ കാത്തിരിക്കുന്നു...
സ്വർണ്ണത്തേരിലെത്തും സമയത്തെ,
ഒഴികിയടുക്കുന്ന തിരകളെ,
എനിക്കായി...എനിക്കായി മാത്രം.

ഇതാ കാലമെത്തി,ഇരുതലമൂർച്ചയുമായി;
അടിയൊഴുക്കിൻ ചതിയുമായി തിരകളും.
അടിതെറ്റി...മുറിവേറ്റു...
വാർന്നൊഴുകിയ രക്തം ഓർമ്മകളായിരുന്നു.
കണ്ടു ഞാൻ അതിൽ...
നന്മ തൻ പാതയെ,
എന്റെ വെണ്ണക്കൽ പ്രതിമയെ,
തിളങ്ങുന്ന പളുങ്കുപാത്രത്തെ.