Friday, January 13, 2012

ഇൻഡ്യൻ റുപ്പീ : വില അർഹിക്കുന്ന ചിത്രം


മറ്റൊരു രഞ്ജിത്ത്‌ ചിത്രം കൂടി. ഇങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ ആ ചിത്രത്തോട്‌ പൂർണ്ണമായി നീതി പുലർത്തുവാൻ കഴിഞ്ഞെന്നു വരില്ല. കാരണം താൻ തന്നെ മലയാള സിനിമയിൽ സൃഷ്ടിച്ചെടുത്ത ഒരു കാഴ്ചാ സംസ്കാരത്തോട്‌ മടുപ്പ്‌ തോന്നി മറ്റൊരു വഴിയേ സഞ്ചരിക്കാൻ തീരുമാനമെടുത്ത്‌ ആ വഴിയേ മലയാളിയെ എങ്ങനെ സിനിമ കാണിക്കാം എന്നറിയിച്ചു തന്ന സംവിധായകന്റെ പ്രതിഭ തൊട്ടറിഞ്ഞ ചിത്രം എന്നു വേണം ഇതിനെ വിശേഷിപ്പിക്കുവാൻ. രഞ്ജിത്ത്‌ വീശിയ മാറ്റത്തിന്റെ കാറ്റ്‌ കയ്യൊപ്പ്‌ മുതൽ ഇന്നിപ്പോൾ ഇൻഡ്യൻ റുപ്പീ വരെ എത്തിനില്ക്കുമ്പോൾ ഉത്തമമായ കഥാപാത്ര സൃഷ്ടിയുടെ ഉദാഹരണങ്ങളും മുന്നിൽ തെളിയുന്നു. കയ്യൊപ്പിലെ ബാലചന്ദ്രനെ പോലെ,പ്രാഞ്ചിയേട്ടനെ പോലെ ജയപ്രകാശും നമ്മുടെ നാട്ടിൻപുറത്തെവിടെയോ കണ്ട്മുട്ടാവുന്ന ഒരു സാധാരണക്കാരന്റെ പരിച്ഛേദമാണു. കാശുണ്ടാക്കുവാൻ വേണ്ടി കറങ്ങി തിരിഞ്ഞ്‌ തെറ്റുകളിലേക്ക്‌ തെന്നി വീഴുന്ന യുവത്വത്തിന്റെ ഉദാഹരണമായി ജെ.പി. ചുറ്റും അയാളെ ആശ്രയിക്കുന്ന കുടുംബം, സുഹൃത്ത്‌, അയാൾ ആശ്രയിക്കുന്ന ചില ആളുകൾ. പുറമേ യാദൃശ്ചികമായി ജെ.പി യുടെ ജീവിതത്തിലെത്തി അയാൾക്ക്‌ വഴികാട്ടിയാവുന്ന ആച്യുതമേനോൻ എന്ന കഥാപാത്രം. ഇതെല്ലാം കൂട്ടിവായിച്ചാൽ ഇൻഡ്യൻ റുപ്പീ എന്ന ചിത്രത്തിന്റെ ഒരാകെ രൂപം തെളിയും. ഈ കണ്ണികൾ കൂട്ടിയോജിപ്പിക്കുന്നതിൽ രഞ്ജിത്തിന്റെ തൂലിക പ്രകടിപ്പിച്ച അനുഭവപരിജ്ഞാനം പ്രകടമാണു.

ഇനി അഭിനയത്തിലേക്ക്‌...സോഷ്യൽ നെറ്റ്‌ വർക്കിങ്ങ്‌ സൈറ്റുകളിൽ രായപ്പനെ ആയുധമാക്കുന്ന എന്റെ സുഹൃത്തുക്കൾ ഇനി വായിക്കേണ്ടതില്ല.(ഇഷ്ടപ്പെട്ടില്ലെങ്കിലോ..??) കാരണം പൃഥ്വിരാജ്‌ എന്ന നടൻ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അഭിനയം ഈ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നു.പൃഥ്വിരാജ്‌ എന്ന നടനെ മെനഞ്ഞെടുത്ത രഞ്ജിത്ത്‌ തന്റെ മറ്റൊരു മികച്ച കഥാപാത്രത്തെ അയാളിൽ വിശ്വസിച്ച്‌ ഏല്പ്പിച്ചപ്പോൾ അത്‌ തെറ്റായിപ്പോയില്ലെന്നും മികച്ച ഒരു ഗുരുദക്ഷിണയാണിതെന്നും തെളിയിച്ചിരിക്കുന്നു. റിമ കല്ലിങ്കൽ തന്നിലേല്പ്പിച്ച കഥാപാത്രത്തെ തെറ്റല്ലാത്ത രീതിയിൽ മികവുറ്റതാക്കാൻ ശ്രമിച്ചിട്ടുണ്ട്‌. ഒരു മുഴുനീള കഥാപത്രത്തെ അവതരിപ്പിക്കുവാൻ കിട്ടിയ അവസരം ടിനി ടോമും അത്യാവശം നന്നായി ഉപയോഗിച്ചു. ഇവരെക്കൂടാതെ മികച്ച അഭിനയം കാഴ്ചവച്ച ജഗതി ശ്രീകുമാർ, മാമുക്കോയ, രേവതി എന്നിവരും പ്രശംസ അർഹിക്കുന്നു. അപ്പോൾ അച്യുതമേനോൻ..?? ഇതാവും നിങ്ങൾ ചിന്തിക്കുന്നത്‌. പറയാതെ വിട്ടതല്ല...പറയാൻ വാക്കുകളില്ല. കാരണം തിയേറ്റർ വിട്ടിറങ്ങിയാലും ഈ ചിത്രം നിങ്ങളുടെ മനസ്സിൽ തങ്ങി നില്പ്പുണ്ടെങ്കിൽ അതിനു മുഖ്യമായ കാരണം തിലകൻ എന്ന അതുല്യ പ്രതിഭയുടെ അതിഗംഭീരമായ ഒരു തിരിച്ചുവരവിനു നിങ്ങൾ സാക്ഷ്യം വഹിച്ചു എന്നതു കൊണ്ടായിരിക്കണം.

ചില പരീക്ഷണങ്ങൾ അങ്ങിങ്ങ്‌ പ്രകടമാണു. ഛായാഗ്രാഹകൻ എസ്. കുമാർ തന്റെ ക്യാമറ കൊണ്ട് തിരക്കഥയ്ക്കഭിമുഖമായി മറ്റൊരു കഥ പറയാൻ ശ്രമിച്ചിട്ടുണ്ടെന്നു തോന്നിപ്പോകുന്നു. യുവഛായാഗ്രാഹകർ ഒരുക്കാൻ ശ്രമിച്ചു ചീറ്റിപ്പോകുന്ന ചില ഫ്രെയിമുകൾ കുമാർ അതേപടി അനുകരിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഷഹബാസ് അമൻ തന്റെ മനോഹര ഈണങ്ങളിലൂടെ മലയാള സിനിമാ സംഗീത രംഗത്ത് സ്ഥിരമായി ഒരു സ്ഥാനം നേടുമെന്നു പ്രത്യാശിക്കാം. “ഈ പുഴയും സന്ധ്യകളും” തന്നെ ഉദാഹരണം. ഇതൊക്കെയാണെങ്കിലും ചില രംഗങ്ങളിൽ ആവശ്യമില്ലാത്ത വലിച്ചുനീട്ടൽ അനുഭവപ്പെടുന്നുണ്ട്. കഥയിലേക്ക് എത്തിചേരാൻ സമയമെടുക്കുന്നതും ഈ ചിത്രത്തിന്റെ അപാകതയായി കണക്കാക്കാം. അന്ത്യത്തിൽ ചിത്രത്തിന്റെ കഥാതന്തു ജീവിതങ്ങളെ എങ്ങനെ പിന്തുടരുന്നു എന്നു വെളിവാക്കുവാൻ സംവിധായകൻ പ്രയോഗിക്കുന്ന രീതിയും അല്പം അപക്വമായോ എന്നു സംശയിച്ചുപോകാം.

ചിത്രത്തിന്റെ പരസ്യവാക്യത്തിൽ പറയുന്നതു പോലെ “ഇവനെ 100 ദിവസമെങ്കിലും ഓടിക്കണം. അത്‌ ചിത്രത്തിന്റെ മികവു കൊണ്ട്‌ മാത്രമല്ല. തട്ടുപൊളിപ്പുകളില്ലാത്ത നല്ല കഥയുള്ള മലയാള സിനിമകളുടെ വസന്തകാലത്തിന്റെ തിരിച്ചുവരവാണു ഇപ്പോൾ സംഭവിക്കുന്ന ഈ മാറ്റം എന്നു തെളിയിക്കുവാനും വേണ്ടി.

No comments:

Post a Comment