Thursday, February 19, 2015

ഇടവേള

സിഗരറ്റ്കുറ്റി ചവിട്ടിഞെരിച്ച് അവൻ ഒറ്റയ്ക്ക് നടന്നു കയറുന്നു.
കാഴ്ചയൊരുക്കം...കാത്തിരിപ്പ്...
സമയത്തെ നാക്കിനടിയിൽ അലിയിച്ച് ,
സീറ്റിനടിയിലെ ഇരുളിലേക്ക് അവൻ നീട്ടിത്തുപ്പി.
സമയ സൂചികളെ കണ്ണുകളിലാക്കി,
അരണ്ടവെളിച്ചത്തിൽ കൗമാര കേളികളെ കുത്തിനോവിച്ചു.
ഇനിയും തീരാത്ത സമയത്തെ
തന്റെ ശരീരത്തിലും സ്പോഞ്ച്  കസേരയിലുമൊതുക്കി
മയക്കത്തിന് വിട്ടു

സ്ക്രീനിലെ വെളിച്ചത്തിലേക്ക് അയാൾ ഉണർന്നു.
നായകനായി, വില്ലനായി, സഹനടനായി, തമാശക്കാരനായി.
കാരണവരായി, അച്ഛനായി, മകനായി.
ഇവിടെയും 'അവൾ' പുലയാട്ട് നടത്തുന്നു.
ചവച്ചുതീർത്തതിനും കണ്ടുതീർത്തതിനും ചവർപ്പ് തന്നെ.
ഇടവേളയുടെ ആർജ്ജവത്തിൽ പുച്ഛം മൂത്രപ്പുരയിൽ കൂവിതീർക്കുന്നു.

പിന്നീടത് വെറുമൊരു ചടങ്ങാണ്.
സമയത്തിന് ഓടിതീർക്കുവാനുള്ള
കാഴ്ചയുടെയും ശബ്ദത്തിന്റെയും കോലാഹലം.
അതിനിടയിൽ അവൻ ഞരങ്ങിമൂളിയത്
ആരാധകന്റെ ആര്പ്പുവിളിയിൽ ഒടുങ്ങിത്തീരുന്നു.

ഒടുക്കം വീണ്ടും അന്വേഷണം പോക്കറ്റിലേക്കാണ്.
ആൾക്കൂട്ടത്തിന്റെ ഇടയിൽ,
ആ ചെറുചുരുൾ കൈപ്പിടിയിലാക്കി,
ഒറ്റയ്ക്ക് മറ തേടി ഓടുമ്പോൾ,
അവന്റെ സമയവും ഒടുങ്ങുകയാണ്.
ഇടവേളകൾക്കായുള്ള കാത്തിരിപ്പിന്റെ...
അവന്റെ സ്വാതന്ത്ര്യത്തിന്റെ സംവത്സരങ്ങളുടെ...